Friday, 17 February 2017

5 YEAR PLANS IN INDIA


പഞ്ചവത്സര പദ്ധതികള്‍

റഷ്യയില്‍ 1920കള്‍ക്കുശേഷം ജോസഫ് സ്റ്റാലിന്‍ കൊണ്ടുവന്ന പഞ്ചവത്സര പദ്ധതികളുടെ ചുവടുപിടിച്ചാണ് ഇന്ത്യയുടെ ഒന്നാമത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റു പഞ്ചവത്സര പദ്ധതികള്‍ക്ക് 1950ല്‍ തുടക്കം കുറിച്ചത്. നീതിയും വളര്‍ച്ചയും എന്നതാണ് നമ്മുടെ പഞ്ചവത്സര പദ്ധതികളുടെ മുദ്രാവാക്യം. ഇന്ത്യയുടെ സാമ്പത്തിക നില, സ്ഥിതി സമത്വപരമായി രീതിയില്‍ ആക്കുവാന്‍ ആസൂത്രണ കമ്മീഷന്‍ ആസൂത്രണം ചെയ്യുന്നതും അഞ്ച് വര്‍ഷം വീതം നീണ്ടു നില്‍ക്കുന്നതുമായ ഘട്ടങ്ങളോടു കൂടിയ പദ്ധതിയാണ് പഞ്ച വത്സര പദ്ധതികള്‍.

ആസൂത്രണ കമ്മീഷന്‍‍

ഇന്ത്യയില്‍ പ്ളാനിങ് കമീഷനാണ് പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത്. 1950 മാര്‍ച്ച് 15നാണ് പ്ളാനിങ് കമീഷന്‍ നിലവില്‍ വന്നത്. പ്ലാനിംഗ് കമ്മീഷന്‍ ഒരു ഉപദേശക സമിതിയാണ്. ദേശീയ വികസന കൗണ്‍സിലാണ് (NDC, National Development Counsil) പ്ളാനിങ്ങിന് അന്തിമരൂപം നല്‍കുന്നത്.
നാഷണല്‍ ഡെവലപ്പമെന്റ് കൗണ്‍സില്‍ 1952 ല്‍ ആണ് രൂപീകരിച്ചത്.ഇന്ത്യയില്‍ പ്ളാനിങ് കമീഷന്റെ ചെയര്‍മാനാകുന്നത് ആ സമയത്തെ പ്രധാനമന്ത്രിയാണ്. കാബിനറ്റ് തെരഞ്ഞെടുക്കുന്ന വ്യക്തിയായിരിക്കും വൈസ് ചെയര്‍മാന്‍ അഥവാ ഉപാധ്യക്ഷന്‍.
ജവഹര്‍ലാല്‍ നെഹ്റുവാണ് പ്ളാനിങ് കമീഷന്‍ ചെയര്‍മാനായ ആദ്യ വ്യക്തി. ഗുല്‍സാരിലാല്‍ നന്ദ (1951-53) ആയിരുന്നു ആദ്യത്തെ ഉപാധ്യക്ഷന്‍. പ്ളാനിങ് കമീഷന്‍ ഉപാധ്യക്ഷരായി പിന്നീട് പ്രധാനമന്ത്രിയായവരാണ് ഗുല്‍സാരിലാല്‍ നന്ദ, ഡോ. മന്‍മോഹന്‍സിങ്, പി.വി. നരസിംഹറാവു എന്നിവര്‍. നരസിംഹറാവു 1984-85 കാലത്തും ഡോ. മന്‍മോഹന്‍സിങ് 1985-87 കാലത്തും ഉപാധ്യക്ഷരായിരുന്നു.പ്ളാനിങ് കമീഷന്‍ ഉപാധ്യക്ഷ പദവി രണ്ട് തവണ വഹിച്ചവരാണ് ഗുല്‍സാരിലാല്‍ നന്ദ (1951-53, 1960-63), പ്രഫ. മധുദന്തവതെ (1990, 1996-98) മൊണ്ടേഗ്സിങ് അഹ്ലുവാലിയ (2004-2009,2009-തുടരുന്നു.)തുടങ്ങിയവര്‍.
ആസൂത്രണ കമീഷന്‍ ഉപാധ്യക്ഷ പദവി വഹിച്ച് ഇന്ത്യയുടെ രാഷ്ട്രപതി പദവിയിലെത്തിയ ഏക വ്യക്തിയാണ് പ്രണബ് മുഖര്‍ജി (1991-96).പ്ളാനിങ് കമീഷനില്‍ എല്ലാ കാബിനറ്റ് മന്ത്രിമാരും സംസ്ഥാന മുഖ്യമന്ത്രിമാരും അംഗങ്ങളാണ്.
ഇന്ത്യന്‍ ആസൂത്രണത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തിയാണ് എം. വിശ്വേശ്വരയ്യ. 1934 ല്‍ അദ്ദേഹം തയ്യാറാക്കിയ പ്രബന്ധമാണ് " ആസൂത്രിത സമ്പദ് വ്യവസ്ഥ"
പദ്ധതികള്‍.

ഒന്നാം പഞ്ചവത്സര പദ്ധതി (1951-1956)
കാര്‍ഷിക പദ്ധതിയില്‍ ഊന്നിയ ഒരു രാജ്യമെന്ന നിലയില്‍ നമ്മുടെ ഒന്നാം പഞ്ചവത്സര പദ്ധതി ജലസേചനം, ജല വൈദ്യുതി എന്നിവയില്‍ കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് കൈക്കൊണ്ടത്. മേട്ടൂര്‍ ഡാം, ഹിരാക്കുഡ് ഡാം, ഭക്രാനംഗല്‍ ഡാം തുടങ്ങിയ പദ്ധതികള്‍ ഇക്കാലത്ത് നടപ്പാക്കിയവയാണ്.മാനവശേഷി വികസനം, ഗ്രാമീണ ധനകാര്യ സ്ഥാപനങ്ങളുടെ വ്യാപനം എന്നിവയും ഈ പദ്ധതിയുടെ ലക്ഷ്യങ്ങളായിരുന്നു. കമ്യൂണിറ്റി ബ്ളോക് വഴിയാണ് ഇവ നടത്താന്‍ ഉദ്ദേശിച്ചത്. കേരളത്തില്‍ പാലക്കാട്, കുന്നത്തൂര്‍, നെയ്യാറ്റിന്‍കര, ചാലക്കുടി എന്നിവയായിരുന്നു കമ്യൂണിറ്റി ബ്ളോക്കുകളായി തെരഞ്ഞെടുത്തത്. ഒന്നാം പഞ്ചവത്സര പദ്ധതിക്കാലത്ത് നമ്മുടെ മൊത്തം ആഭ്യന്തര ഉല്‍പാദനം (ജി.ഡി.പി) ഓരോ വര്‍ഷവും 2.1 ആണ് ഉദ്ദേശിച്ചത്. എന്നാല്‍, 3.6 എന്ന വളരെ ഉയരത്തില്‍തന്നെ നേടിയെടുക്കാന്‍ നമുക്കായി. അതിനാല്‍തന്നെ ഒന്നാം പഞ്ചവത്സര പദ്ധതി നല്ലൊരു വിജയമായിരുന്നു എന്നുതന്നെ പറയാം.
ഒന്നാം പഞ്ചവത്സര പദ്ധതിക്കാലത്താണ് ഇന്ത്യയില്‍ ഐ.ഐ.ടികള്‍ക്ക് തുടക്കമായത്. ശാസ്ത്ര, സാങ്കേതിക, വിദ്യാഭ്യാസ, ഗവേഷണ മേഖലയെ മികച്ച രീതിയില്‍ വാര്‍ത്തെടുക്കാനാണ് ഐ.ഐ.ടികള്‍ സ്ഥാപിതമായത്. 1950ല്‍ ഗൊരഖ്പൂരില്‍ (പശ്ചിമ ബംഗാള്‍) ആണ് ആദ്യ ഐ.ഐ.ടി സ്ഥാപിതമായത്. മൗലാനാ അബുല്‍കലാം ആസാദാണ് ഇത്തരം സ്ഥാപനങ്ങള്‍ക്ക് ഐ.ഐ.ടി എന്ന പേര് നിര്‍ദേശിച്ചത്.
രണ്ടാം പഞ്ചവത്സര പദ്ധതി(1956-1961)

രണ്ടാം പഞ്ചവത്സര പദ്ധതി പ്രധാനമായും ലക്ഷ്യമിട്ടത് വ്യവസായ വികസനത്തെയാണ്. വി.ടി. കൃഷ്ണമാചാരി ആയിരുന്നു ഈ സമയത്ത് പ്ളാനിങ് കമീഷന്‍ ഉപാധ്യക്ഷന്‍.രണ്ടാം പഞ്ചവത്സര പദ്ധതിക്കാലത്താണ് ഇന്ത്യയില്‍ വന്‍കിട പൊതുമേഖലാ വ്യവസായ ശാലകള്‍ക്ക് തുടക്കമായത്. പി.സി. മഹലനോബിസ് എന്ന ഉദ്യോഗസ്ഥന്റെ വീക്ഷണത്തിലാണ് ഈ പദ്ധതികളില്‍ വ്യവസായത്തിന് പ്രോത്സാഹനം നല്‍കിയത്. അതിനാല്‍ ഈ പദ്ധതിയെ മഹലനോബിസ് പദ്ധതി എന്നുപറയാറുണ്ട്.ദുര്‍ഗാപൂര്‍ -1959, ഭിലായ് -1959, റൂര്‍ക്കല -1959, എന്നിവയാണ് രണ്ടാം പദ്ധതിക്കാലത്ത് നിലവില്‍ വന്ന വന്‍കിട വ്യവസായശാലകള്‍. ഇതില്‍ ദുര്‍ഗാപൂര്‍ ബ്രിട്ടന്റെ സഹായത്തോടെ പശ്ചിമ ബംഗാളിലും ഭിലായ് റഷ്യയുടെ സഹായത്തോടെ ഛത്തിസ്ഗഢിലും റൂര്‍ക്കല ജര്‍മനിയുടെ സഹായത്തോടെ ഒഡിഷയിലും പ്രവര്‍ത്തിക്കുന്നു.ഇവ കൂടാതെ കൂടുതല്‍ ജലവൈദ്യുത പദ്ധതികള്‍, റെയില്‍വേ വികസനം, കല്‍ക്കരി ഖനനം തുടങ്ങിയവയും രണ്ടാം പദ്ധതികളില്‍ ഇടംപിടിച്ചു.രാജ്യത്തെ വളര്‍ന്നുവരുന്ന യുവ ശാസ്ത്രപ്രതിഭകളെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനുമായി 1957ല്‍ ടാലന്‍റ് സര്‍ച് സ്കോളര്‍ഷിപ്പും ഈ പദ്ധതിക്കാലയളവില്‍ നടപ്പാക്കി.ഈ പദ്ധതിക്കാലത്ത് ജി.ഡി.പി വളര്‍ച്ച 4.5 ആണ് ലക്ഷ്യമിട്ടതെങ്കിലും 4.2 വരെ കൈവരിക്കാനായി. എന്തായാലും ഒന്നാം പദ്ധതിപോലെ രണ്ടാം പദ്ധതിയും ഒരു വിജയകരമായ പദ്ധതിതന്നെയായിരുന്നു.

മൂന്നാം പഞ്ചവത്സര പദ്ധതി (1961-1966)

ഭക്ഷ്യധാന്യ ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തത എന്നതായിരുന്നു 
മൂന്നാം പദ്ധതിയുടെ മര്‍മപ്രധാന ലക്ഷ്യം, പ്രത്യേകിച്ചും ഗോതമ്പില്‍. ഇതിന്റെ അടിസ്ഥാനത്തില്‍ ഐ.എ.ഡി.പിയും (Integrated Agricultural Development Programme) ഐ.എ.എ.പിയും (Integrated Agricultural Area Programme) നടപ്പാക്കി. എന്നാല്‍, 1962ലെ ചൈനാ യുദ്ധവും 1965ലെ പാകിസ്താന്‍ യുദ്ധവും ഈ പദ്ധതിയെ താറുമാറാക്കി. പകരം ഇന്ത്യന്‍ സൈന്യത്തിന്റെ ബലത്തിനാണ് തുകകള്‍ ചെലവിട്ടത്. എങ്കിലും പഞ്ചാബ് ഗോതമ്പ് ഉല്‍പാദനത്തില്‍ റെക്കോഡ് കൈവരിച്ചു. അതുപോലെ തന്നെ ഒരുപാട് സിമന്‍റ് ഫാക്ടറികളും ഡാമുകളും ഈ പദ്ധതി കാലയളവിനുള്ളില്‍ ഉണ്ടായി.വിദ്യാഭ്യാസ മേഖലയിലും ഈ കാലയളവിനുള്ളില്‍ നേട്ടങ്ങളുണ്ടാക്കി. സെക്കണ്ടറി വിദ്യാഭ്യാസ ബോര്‍ഡ് നിലവില്‍ വരുകയും ഗ്രാമീണ മേഖലയില്‍ ഒരുപാട് പ്രൈമറി വിദ്യാലയങ്ങള്‍ സ്ഥാപിക്കപ്പെടുകയും ചെയ്തു. രാജ്യത്തെ റോഡ് നിര്‍മാണ രംഗത്ത് ഒരു പുതിയ നയം കൊണ്ടുവരാനും ഈ പദ്ധതിക്കായി. എന്നാല്‍, രണ്ട് യുദ്ധംമൂലം ഈ പദ്ധതി ആദ്യത്തെ രണ്ട് പദ്ധതികളെ അപേക്ഷിച്ച് ഒരു വന്‍ പരാജയമായിരുന്നു.മൊത്തം ആഭ്യന്തര വളര്‍ച്ചാനിരക്ക് പ്രതീക്ഷിച്ച 5.6 ശതമാനത്തില്‍നിന്നും വളരെ താഴെ 2.4 ശതമാനം നേടാനേ നമുക്കായുള്ളൂ.

നാലാം പഞ്ചവത്സര പദ്ധതി (1969-74)

ഇന്ത്യയുടെ ഉരുക്കുവനിത ഇന്ദിര ഗാന്ധി പ്രധാനമന്ത്രിയായ കാലത്താണ് നാലാം പഞ്ചവത്സര പദ്ധതി തുടങ്ങിയത്. നീതിയും സമത്വവും പാവപ്പെട്ടവരുടെ ഉയര്‍ച്ച എന്നിവയുമായിരുന്നു പദ്ധതിയുടെ ലക്ഷ്യങ്ങള്‍.ഈ പദ്ധതിക്കാലത്താണ് ഇന്ത്യയില്‍ ബാങ്ക് ദേശസാത്കരണം തുടങ്ങിയത്. 1969ല്‍ മാത്രം 14 ബാങ്കുകളാണ് ഒന്നാംഘട്ടത്തില്‍ ദേശസാത്കരിച്ചത്. 50 കോടിയിലേറെ നിക്ഷേപമുള്ള ബാങ്കുകളെയാണ് ഇതില്‍ ഉള്‍പ്പെടുത്തിയത്.
.
1969 ല്‍ ദേശസാല്‍ക്കരിച്ചത്
1980 ല്‍ ദേശസാല്‍ക്കരിച്ചത്
ക്രമ നമ്പര്‍
ബാങ്കിന്റെ പേര്
ക്രമ നമ്പര്‍
ബാങ്കിന്റെ പേര്
1
ബാങ്ക് ഓഫ് ഇന്ത്യ
1
ആന്ധ്ര ബാങ്ക്
2
ബാങ്ക് ഓഫ് ബറോഡ
2
കോര്‍പറേഷന്‍ ബാങ്ക്
3
പഞ്ചാബ് നാഷനല്‍ ബാങ്ക്
3
ഓറിയന്‍റല്‍ ബാങ്ക്
ഓഫ് കൊമേഴ്സ്
4
സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ
4
വിജയ ബാങ്ക്
5
കനറാ ബാങ്ക്
5
പഞ്ചാബ് ആന്‍റ് സിന്ധ് ബാങ്ക്
6
സിന്‍ഡിക്കേറ്റ് ബാങ്ക്
6
ന്യൂ ബാങ്ക് ഓഫ് ഇന്ത്യ,
7
ദേനാ ബാങ്ക്
8
യൂക്കോ ബാങ്ക്
9
ഇന്ത്യന്‍ ബാങ്ക്
10
അലഹബാദ് ബാങ്ക്
11
ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്
12
യൂണിയന്‍ ബാങ്ക്
13
യുനൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ
14
മഹാരാഷ്ട്ര ബാങ്ക്



നാലാം പദ്ധതിക്കാലത്താണ് ഇന്ത്യയില്‍ ഗ്രീന്‍ റെവലൂഷന്‍ അഥവാ ഹരിതവിപ്ളവത്തിന് തുടക്കമിട്ടത്. പ്രധാനമായും ഗോതമ്പിന്റെ ഉല്‍പാദനത്തിലായിരുന്നു ഹരിതവിപ്ളവം ലക്ഷ്യമിട്ടത്. അതുപോലെ ആണവോര്‍ജ മേഖല, ബഹിരാകാശ മേഖല എന്നിവയിലേക്കും ഇന്ത്യ എത്തിപ്പെടുന്നത് ഈ പദ്ധതി കാലയളവിലാണ്. 1969ലാണ് ഐ.എസ്.ആര്‍.ഒ (ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രം) ബംഗളൂരു ആസ്ഥാനമായി രൂപംകൊണ്ടത്. 1974ല്‍ ബുദ്ധന്‍ ചിരിക്കുന്നുഎന്ന് നാമകരണം ചെയ്ത് നാം നമ്മുടെ ആദ്യത്തെ ആണവപരീക്ഷണം മേയ് 18ന് രാജസ്ഥാനിലെ പൊഖ്റാനില്‍ നടത്തിയത് പക്ഷേ അഞ്ചാം പദ്ധതിയിലായിരുന്നു. സെക്കന്‍ഡറി തലം മുതല്‍ വിദ്യാഭ്യാസം സൗജന്യമാക്കിയതും ഇക്കാലത്താണ്. എന്നാല്‍, 1971ല്‍ ബംഗ്ളാദേശ് രൂപവത്കരണവുമായി ബന്ധപ്പെട്ട ഇന്ത്യ -പാകിസ്താന്‍ കലാപം മൂലം ഈ പദ്ധതിയുടെയും താളം തെറ്റി. അതിനാല്‍തന്നെ ആഭ്യന്തര വളര്‍ച്ചാനിരക്ക് ഇക്കാലയളവില്‍ ഉദ്ദേശിച്ച 5.6 ശതമാനം എന്നത് 3.3ല്‍ ഒതുങ്ങി.

അഞ്ചാം പഞ്ചവത്സര പദ്ധതി (1974-79)

ദാരിദ്ര്യനിര്‍മാര്‍ജനം ആയിരുന്നു പദ്ധതിയുടെ പ്രധാന ലക്ഷ്യം. അതിനായി ഗരീബി ഹഠാവോഎന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഈ പദ്ധതി ആരംഭിച്ചത്.തൊഴില്‍, ദാരിദ്ര്യ നിര്‍മാര്‍ജനം എന്നിവ ഉന്നംവെച്ച് ഇന്ദിര ഗാന്ധി ഗവണ്‍മെന്‍റ് ഒരു മിനിമം നീഡ് പ്രോഗ്രാം (എം.എന്‍.പി) ആരംഭിച്ചതില്‍ 20 ഇന പദ്ധതികള്‍ അവതരിപ്പിക്കപ്പെട്ടു. വിദ്യാഭ്യാസം, തുടര്‍പഠനം, ആരോഗ്യം, വൈദ്യുതീകരണം, ഭവനനിര്‍മാണം, അധികാരം ജനങ്ങളിലേക്ക്, കര്‍ഷകര്‍ക്ക് ധനസഹായം, എല്ലാവര്‍ക്കും വീട്, ശുദ്ധജലം, ഗ്രാമീണ റോഡ് നിര്‍മാണം, ഭക്ഷ്യസുരക്ഷ എന്നിവ അതിന്റെ ഭാഗമായിരുന്നു. ഈ പദ്ധതിയുടെ ഭാഗമായാണ് ഐ.സി.ഡി.എസ് (Integrated Child Development Scheme) ഡിപാര്‍ട്മെന്‍റ് നിലവില്‍ വന്നത്. ആറുവയസ്സ് വരെയുള്ള കുട്ടികളുടെ ക്ഷേമമായിരുന്നു ലക്ഷ്യം. അതിന്റെ ഭാഗമായി 1975 ഒക്ടോബര്‍ രണ്ടിന് രാജ്യത്ത് അങ്കണവാടികള്‍ക്ക് തുടക്കമായി.
രാജ്യത്ത് ദേശീയപാത വികസന അതോറിറ്റി നിലവില്‍ വന്നതും ഈ പദ്ധതിക്കാലയളവിലാണ്. അതിന്റെ ഭാഗമായി രാജ്യത്തെ പ്രധാന റോഡുകളെല്ലാം വീതികൂട്ടുകയും പുതിയ പല റോഡുകള്‍ക്കും തുടക്കമിടുകയും ചെയ്തു. എന്നാല്‍, മൊറാര്‍ജി ദേശായി 1977ല്‍ പ്രധാനമന്ത്രിയായതോടെ ഈ പദ്ധതി വാര്‍ഷിക പദ്ധതിയാക്കി മാറ്റി. അങ്ങനെ 1977-79 വാര്‍ഷിക പദ്ധതിയായി പ്രഖ്യാപിക്കപ്പെട്ടു.ജി.ഡി.പി (Gross Domestic Production) അഥവാ മൊത്ത ആഭ്യന്തര ഉല്‍പാദനം ഉദ്ദേശിച്ച 4.4 ശതമാനത്തില്‍നിന്നും 5.5 കൈവരിക്കാന്‍ ഇക്കാലയളവില്‍ നമുക്കായി.

ആറാം പഞ്ചവത്സര പദ്ധതി (1980-85)

ആറാം പദ്ധതിയോടെ നാം സാമ്പത്തിക ഉദാരവത്കരണ രംഗത്തേക്ക് കാലെടുത്തുവെച്ചു.ആറാം പദ്ധതിയുടെ മുഖ്യലക്ഷ്യം തൊഴിലില്ലായ്മ നിര്‍മാര്‍ജനവും ദാരിദ്ര്യ നിര്‍മാര്‍ജനവുമായിരുന്നു. പട്ടികജാതി, പട്ടിക വര്‍ഗ വീട് നിര്‍മാണത്തിനായി 1985ല്‍ ഐ.എ.വൈ അഥവാ (Indira Awas Yojana) പദ്ധതി നടപ്പാക്കി.ഈ പദ്ധതിക്കാലത്താണ് ഇന്ത്യയില്‍ ആറ് ബാങ്കുകള്‍ കൂടി ദേശസാത്കരിച്ചത്. 200 കോടിയിലേറെ നിക്ഷേപമുള്ള ബാങ്കുകളാണ് അന്ന് ദേശസാത്കരിച്ചത്.വിജയ ബാങ്ക്, പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക്, ന്യൂ ബാങ്ക് ഓഫ് ഇന്ത്യ, ഓറിയന്‍റല്‍ ബാങ്ക്, ആന്ധ്ര ബാങ്ക്, കോര്‍പറേഷന്‍ ബാങ്ക് എന്നിവയാണ് 1980 ഏപ്രില്‍ 16ന് ദേശസാത്കരിച്ചത്.
കുടുംബാസൂത്രണം, ജനസംഖ്യാ നിയന്ത്രണം എന്നിവക്കും ഈ പദ്ധതി ഊന്നല്‍ നല്‍കി. ചൈനയില്‍ കൊണ്ടുവന്ന നാം ഒന്ന് നമുക്കൊന്ന് പദ്ധതിയായിരുന്നു ലക്ഷ്യം. എന്നാല്‍, ഇന്ത്യന്‍ സാഹചര്യത്തില്‍ അത് നടപ്പാക്കാന്‍ പറ്റുന്നതായിരുന്നില്ല. എങ്കിലും ജനങ്ങളെ ബോധവത്കരിച്ച് ജനസംഖ്യാ നിയന്ത്രണം കൊണ്ടുവരാന്‍ നമുക്കായി. ആറാം പദ്ധതി ഇന്ത്യന്‍ സാമ്പത്തിക രംഗത്ത് നല്ല മാറ്റങ്ങളുണ്ടാക്കി.
G.D.P വളര്‍ച്ച ലക്ഷ്യമിട്ട 5.2ല്‍നിന്നും 5.4ലെത്തി. ഈ പദ്ധതി ഒരു വിജയ പദ്ധതിയായിരുന്നു.

ഏഴാം പഞ്ചവത്സര പദ്ധതി (1985-1990)

ത്വരിതഗതിയിലുള്ള വളര്‍ച്ച, തൊഴില്‍ അവസരങ്ങള്‍ വര്‍ധിപ്പിക്കല്‍ എന്നിവയായിരുന്നു പദ്ധതി ഉദ്ദേശിച്ചിരുന്നത്. ഭക്ഷ്യധാന്യ വിപുലീകരണവും ഇതില്‍ ഉള്‍പ്പെടുത്തി. പ്രൈമറി വിദ്യാഭ്യാസത്തില്‍ പുതിയ നയവും ഇക്കാലയളവിനുള്ളില്‍ വന്നു. 1986ലെ ദേശീയ വിദ്യാഭ്യാസ നയം അഥവാ operation blackboard എന്ന നയത്തില്‍ പ്രൈമറി വിദ്യാഭ്യാസം സാര്‍വത്രികമാക്കാനും എല്ലാ പ്രൈമറി വിദ്യാലയങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും ഉദ്ദേശിച്ചു.

എട്ടാം പഞ്ചവത്സര പദ്ധതി (1992-97)

ഏഴാം പദ്ധതിയുടെ തുടര്‍ച്ചയായി 1990-92ല്‍ വാര്‍ഷിക പദ്ധതികളാക്കി മാറ്റി. പിന്നീട് 1992ല്‍ ആണ് എട്ടാം പദ്ധതിക്ക് തുടക്കമിട്ടത്.ഇക്കാലത്ത് പ്രധാനമന്ത്രി നരസിംഹറാവുവും ധനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങുമായിരുന്നു. അതിനാല്‍തന്നെ സാമ്പത്തിക സ്വകാര്യവത്കരണവും ഉദാരവത്കരണവും പ്രോത്സാഹിപ്പിച്ച് പുതിയൊരു സാമ്പത്തിക ക്രമത്തിന് ഇന്ത്യയില്‍ തുടക്കമിട്ട പദ്ധതികൂടിയായിരുന്നു എട്ടാം പദ്ധതി.തൊഴിലില്ലായ്മ കുറക്കുക, വ്യവസായങ്ങളുടെ ആധുനികവത്കരണം എന്നിവയാണ് പ്രധാനമായും ഈ പദ്ധതി ലക്ഷ്യംവെച്ചത്. ഈ പദ്ധതി തീരുമ്പോഴേക്കും മൂന്ന് കോടി ആളുകള്‍ക്ക് തൊഴില്‍ ലക്ഷ്യമിട്ടിരുന്നു. അതുപോലെ തന്നെ ജനസംഖ്യാ വളര്‍ച്ചാനിരക്ക് കുറച്ചുകൊണ്ടുവരുക, പ്രാഥമിക വിദ്യാഭ്യാസം സാര്‍വത്രികമാക്കുക, 15-35ന് ഇടയിലുള്ളവരുടെ നിരക്ഷരത തുടച്ചുമാറ്റുക, കുടിവെള്ളം, പ്രാഥമികാരോഗ്യ പദ്ധതി, നഗര-ഗ്രാമങ്ങളില്‍ സ്വയംതൊഴില്‍ പദ്ധതിക്കായി പി.എം.ആര്‍.വൈ (Prime Ministers Rozgar Yojana) എന്നിവയെല്ലാം ഈ പദ്ധതിയില്‍ ഇടംപിടിച്ചു.
ഈ പദ്ധതിക്കാലത്താണ് 1995 ജനുവരി ഒന്നിന് നിലവില്‍ വന്ന W.T.Oയില്‍ (World Trade Organisation) ഇന്ത്യ അംഗമായതും.ഈ പദ്ധതിയും നമ്മുടെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ വളര്‍ച്ചാനിരക്കുമായി തട്ടിച്ചുനോക്കുമ്പോള്‍ ഒരു വിജയ പദ്ധതിയായിരുന്നു. ജി.ഡി.പി ലക്ഷ്യംവെച്ചത് 5.6 ശതമാനമായിരുന്നെങ്കിലും 6.78 ലക്ഷ്യം കൈവരിക്കാനായി.


ഒമ്പതാം പഞ്ചവത്സര പദ്ധതി (1997-2002)

ഒമ്പതാം പദ്ധതിക്കാലത്ത് ഏഴിന അടിസ്ഥാന കാര്യങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടു.

1. ശുദ്ധജലം ലഭ്യമാക്കുക.
2.പ്രാഥമികാരോഗ്യ പദ്ധതി വികസിപ്പിക്കുക.
3.പ്രാഥമിക വിദ്യാഭ്യാസം സാര്‍വത്രികമാക്കുക.
4.ദരിദ്രര്‍ക്ക് പാര്‍പ്പിടം നല്‍കുക.
5.കുട്ടികള്‍ക്ക് പോഷകാഹാരം.
6.ഗ്രാമങ്ങളെ മുഖ്യധാരയിലെത്തിക്കല്‍.
7.പൊതുവിതരണ സമ്പ്രദായം കാര്യക്ഷമമാക്കുക

എന്നിവയാണ് ഇതിലുള്‍പ്പെടുത്തിയത്.ഈ പദ്ധതിക്കാലത്താണ് പ്രാഥമിക വിദ്യാഭ്യാസം സാര്‍വത്രികമാക്കുന്നതിന്റെ ഭാഗമായി S.S.A (സര്‍വശിക്ഷാ അഭിയാന്‍) പ്രൈമറിതലത്തില്‍ നടപ്പാക്കിയത്. സര്‍വരും പഠിക്കുക, സര്‍വരും വളരുക എന്നതായിരുന്നു ഇതിന്റെ മുദ്രാവാക്യം. 1-8 ക്ളാസ് വരെ ആരെയും തോല്‍പിക്കരുത്, ചൂരല്‍ പ്രയോഗം പാടില്ല, വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യം വികസിപ്പിക്കുക എന്നിവ നയങ്ങളായിരുന്നു. ഈ പദ്ധതി 2010-11ല്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിട്ടത്. 2002ല്‍ 86ാം ഭരണഘടന ഭേദഗതി ആറു മുതല്‍ 14 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിര്‍ബന്ധിതമാക്കി. ഇതുപ്രകാരം ഈ പ്രായത്തിലുള്ള കുട്ടികളെ ക്ളാസിലേക്കയക്കല്‍ മാതാപിതാക്കളുടെ കടമയായി മാറി. വ്യവസായത്തിലെ ത്വരിത വളര്‍ച്ച, മാനസിക ശേഷി വികസനം, തൊഴില്‍ എന്നിവക്കും പ്രാധാന്യം നല്‍കി.ഈ പദ്ധതി കാലയളവിലാണ് ഇന്ത്യ അതിന്റെ സ്വാതന്ത്ര്യത്തിന്റെ സുവര്‍ണജൂബിലി ആഘോഷിച്ചത്. ഐ.കെ. ഗുജ്റാല്‍ ആയിരുന്നു പ്രധാനമന്ത്രി. മലയാളിയായ കെ.ആര്‍. നാരായണന്‍ രാഷ്ട്രപതിയുമായിരുന്നു.

പത്താം പഞ്ചവത്സര പദ്ധതി (2002-2007)

പ്രതിവര്‍ഷം എട്ട് ശതമാനം വളര്‍ച്ചനിരക്കാണ് പത്താം പദ്ധതി ലക്ഷ്യമിട്ടത്. എന്നാല്‍, 7.6 വരെ കൈവരിക്കാനായി. പതിനൊന്നാം പദ്ധതിയില്‍ ഏറ്റവും പ്രാധാന്യം നല്‍കിയത് വിദ്യാഭ്യാസത്തിനായിരുന്നു. ഈ കാലത്താണ് ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ ഉപഗ്രഹമായ EduSat വിക്ഷേപിച്ചത്. ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഒരു നാഴികക്കല്ലായ വിവരാവകാശ നിയമം നിലവില്‍ വന്നതും (2005 ഒക്ടോബര്‍ 12) ഈ പദ്ധതിയിലായിരുന്നു.

പതിനൊന്നാം പഞ്ചവത്സര പദ്ധതി (2007-2012)

ആഭ്യന്തര വളര്‍ച്ചനിരക്ക് ഒമ്പത് ശതമാനവും കാര്‍ഷിക മേഖലയില്‍ നാല് ശതമാനവും വളര്‍ച്ച നിരക്കാണ് പദ്ധതി ലക്ഷ്യമിട്ടത്.ഏഴ് കോടി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും 2009നകം എല്ലാവര്‍ക്കും ശുദ്ധജലം എത്തിക്കാനും പദ്ധതിയില്‍ ഉദ്ദേശിച്ചു. ദാരിദ്ര്യം 10 ശതമാനം കുറക്കുക എന്ന ലക്ഷ്യം ഏതാണ്ട് ലക്ഷ്യത്തിലെത്തിക്കാനായി. 2001ല്‍ 32 ശതമാനം ആയിരുന്ന ദാരിദ്ര്യം പദ്ധതി അവസാനമായപ്പോഴേക്കും 23 ശതമാനം ആയി.സ്ത്രീപുരുഷാനുപാതം 950 ആക്കാനാണ് ലക്ഷ്യംവെച്ചത്. എന്നാല്‍, 2011ലെ പുതിയ സെന്‍സസ് പ്രകാരം 940 മാത്രമാണ് സ്ത്രീപുരുഷാനുപാതം.തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി 2008ല്‍ തൊഴിലുറപ്പ് പദ്ധതി കൊണ്ടുവന്നു. ഇതുപ്രകാരം തൊഴിലില്ലാത്തവര്‍ പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്യുകയും 30 ദിവസത്തിനകം അവര്‍ക്ക് നൂറുദിന തൊഴില്‍ നല്‍കുകയും ചെയ്യും. 30 ദിവസത്തിനകം തൊഴില്‍ ലഭ്യമല്ലെങ്കില്‍ തൊഴിലില്ലായ്മ വേതനമായി ആദ്യമാസം കൂലിയുടെ 1/4ഉം പിന്നീട് 2/3ഉം കിട്ടും.പ്രത്യേക വൈദഗ്ധ്യമില്ലാത്ത തൊഴിലാളികളുടെ കൂലി ഈ പദ്ധതിയില്‍ 20 ശതമാനം കണ്ട് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. അതുപോലെ അഭ്യസ്തവിദ്യരായവരുടെ തൊഴിലില്ലായ്മ അഞ്ച് ശതമാനത്തിന് താഴെയാക്കാനുമായിരുന്നു പദ്ധതി ലക്ഷ്യമിട്ടത്.

പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി (2012-2017)
2012- മുതല്‍ 2017 വരെയാണ് പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ കാലയളവ്. പ്രതിവര്‍ഷം 9.56 ശതമാനം വളര്‍ച്ചനിരക്കാണ് പദ്ധതി ലക്ഷ്യമിടുന്നത്. പദ്ധതിയുടെ കരട് രൂപരേഖ സെപ്തംബര്‍ മാസത്തോടെ പൂര്‍ത്തിയാകും.



നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും താഴെ കമന്റ്‌ ആയി ചേര്‍ക്കുക 
നന്ദി 

No comments:

Post a Comment